നാം ചെയ്യാനുള്ളത് ഇത്രമാത്രം 

അടുത്ത സുഹത്താണ്. ഏറ്റവും അടുത്തവന്‍. ആരായിരിക്കും ആദ്യം മരിക്കുക എന്ന് പലവട്ടം ചര്‍ച്ചചെയ്തിട്ടുള്ളതാണ്. അപ്പോഴൊന്നും അവന് ആദ്യം മരിക്കുവാന്‍ പദ്ധതിയുണ്ടായിരുന്നില്ല. പലകാര്യങ്ങളും ചെയ്തുതീര്‍ക്കാനുണ്ട് എന്ന ന്യായത്തിലാണ് അവന്‍ എത്തിച്ചേരുക. ചെയ്യാനുള്ള കാര്യങ്ങളെക്കുറിച്ചെല്ലാം കൃത്യമായ രൂപരേഖ അവന്റെ മനസ്സിലുണ്ടായിരുന്നു. അതൊക്കെ എപ്പോഴും വിശദീകരിച്ചുതരും. അവന്റെ ഓരോ പദ്ധതിയും സ്വപ്‌നതുല്യമായിരുന്നു. അവന്‍ ചെയ്തകാര്യങ്ങളും അങ്ങനെതന്നെയായിരുന്നു. അവന്റെ എഴുത്തും ചിത്രങ്ങളുമെല്ലാം ഭാവനയുടെ അങ്ങേയറ്റത്തെ ജനലിലൂടെ അരിച്ചെത്തുന്നവയായിരുന്നു. എല്ലാവരും കണ്ടതല്ല അവന്‍ കാമറയിലൂടെ കണ്ടത്. അവന്റെ കാഴ്ചകള്‍ പ്രദര്‍ശിച്ചപ്പോഴെല്ലാം കാണികള്‍ അന്തംവിട്ട് നോക്കിനില്‍ക്കുകയായിരുന്നു. അവന്‍ എഴുതിയതൊന്നും അധികമാരും കണ്ടിട്ടില്ല. മിനുക്കുപണി തീര്‍ന്നിട്ടില്ല എന്ന ന്യായം പറഞ്ഞ് പെട്ടിയില്‍ സൂക്ഷിക്കുകയായിരുന്നു അതെല്ലാം. അടികൂടിയാണ് പലപ്പോഴും എടുത്തു വായിച്ചിട്ടുള്ളത്. അക്ഷരങ്ങളിലൂടെ വര്‍ണദൃശ്യങ്ങള്‍ തീര്‍ക്കുന്ന ജാലങ്ങളായിരുന്നു അവ. പ്രസിദ്ധീകരിക്കാന്‍ ചോദിച്ചാല്‍ പിണങ്ങും.

 

എടുത്ത ചിത്രങ്ങളേക്കാളും എഴുതിയ കഥകളേക്കാളും സുന്ദരവും ഗൗരവതരവുമായ പദ്ധതികളായിരുന്നു ഓരോ തവണ കാണുമ്പോഴും അവന്‍ വിവരിച്ചത്. പിന്നീട് എപ്പോഴോ തോന്നിപ്പോയി, ഇപ്പോഴിപ്പോള്‍ അവന്‍ വിവരണങ്ങള്‍ മാത്രമാണെന്ന്. ശ്രദ്ധിച്ചപ്പോള്‍ അതു ബോധ്യമായി. അവന്‍ കാര്യമായി ഒന്നും ചെയ്യാതെയായിരിക്കുന്നു. എല്ലാം പറയുന്നേയുള്ളൂ. അവന്റെ സംസാരത്തിനും അപാര സൗന്ദര്യമുണ്ടായിരുന്നു. എന്തിനും അവന് അവന്റേതായ ദര്‍ശനമുണ്ടായിരുന്നു. ഏത് പ്രശ്‌നത്തിനും അവന്‍ പോംവഴി നിര്‍ദ്ദേശിക്കുമായിരുന്നു. എല്ലാം ദര്‍ശനത്തിന്റെയും സിദ്ധാന്തത്തിന്റെയും പിന്‍ബലത്തില്‍തന്നെ. ഏതു വീഴ്ചയും അവന്‍ ന്യായീകരിക്കുമായിരുന്നു. അതുകൊണ്ടുതന്നെ എത്രവലിയ പ്രശ്‌നത്തില്‍ പെട്ട് ഉഴലുന്നയാളും അവനോട് സംസാരിച്ചാല്‍ ചെറിയൊരു ആശ്വാസത്തിലേക്ക് നീങ്ങാറുണ്ടായിരുന്നു. കാരണം, അങ്ങനെയെല്ലാം വന്നുഭവിച്ചത് തന്റെ തെറ്റുകൊണ്ടല്ലെന്നും പ്രകൃതി അങ്ങനെയാണെന്നും താന്‍ വിധിയുടെ ഇരമാത്രമാണന്നെുമെല്ലാം കേട്ടയാള്‍ക്ക് ബോധ്യംവന്നു കഴിഞ്ഞിരിക്കും. അങ്ങനെയെല്ലാം വാഖ്യാനിക്കുന്നതുകൊണ്ടും ബോധ്യപ്പെടുത്തുന്നതുകൊണ്ടും ആധികളില്‍ നിന്ന് ആളുകളെ രക്ഷിക്കുന്നതുകൊണ്ടും അവന്റെ വര്‍ത്തമാനം കേട്ട് ഇരിക്കാന്‍പോലും ആളുകളുണ്ടായി. ജീവിതം മുഷിയുമ്പോള്‍ ഒരു പുനര്‍നവക്കായി പലരും അവനെ കൊണ്ടുപോയി സംസാരിപ്പിക്കാറുണ്ടായിരുന്നുവെന്ന് പിന്നീടറിഞ്ഞൂ. കൊണ്ടുപോവുന്നവര്‍ക്ക് പണച്ചെലവ് ഉണ്ടായിരുന്നില്ല. അവന്‍ കൊടുക്കുന്ന ആശ്വാസത്തിനു പകരം അവനെ സല്‍ക്കരിക്കുയാണ് പലരും ചെയ്തത്. പക്ഷേ, അവന്റെ ദര്‍ശനങ്ങളും വ്യാഖ്യാനങ്ങളും കപടമാണെന്നു പറഞ്ഞാല്‍ അവന്‍ സമ്മതിച്ചുതരില്ല. മുഖംവാടും . അതുകാണാന്‍ കഴിയാത്തതുകൊണ്ട് അവന്റെ സിദ്ധാന്തങ്ങളോട് തര്‍ക്കിക്കാന്‍ നിന്നില്ല. അവന്‍ കുടുതല്‍ക്കൂടുതല്‍ സിദ്ധാന്തങ്ങളിലേക്കും സംസാരത്തിലേക്കും നീങ്ങി.

 

അങ്ങനെയരിക്കെ ആ പഴയചര്‍ച്ചയുടെ ഉത്തരം എത്തി.  അവനാണ് ആദ്യം മരിച്ചത്. മരിക്കുന്നതിന്റെ തലേദിവസം അവന്‍ സ്വന്തം വീട്ടിലെത്തി. പല രാജ്യങ്ങള്‍ കാണുകയും പല നാടുകളില്‍ സഞ്ചരിക്കുകയും പലവീടുകളില്‍ ഉറങ്ങുകയും ചെയ്തയാളാണ്. മരിക്കുന്നതിന്റെ തലേദിവസം നാട്ടിലെത്തി. അവനെ വളര്‍ത്തിയ മൂത്തുമ്മയുടെ അടുത്തെത്തി. കുളിച്ചുവന്നു. മൂത്തുമ്മ കഞ്ഞികൊടുത്തു. അതു കഴിച്ചു കിടന്നു പിന്നെ ഉണര്‍ന്നില്ല. നാട് എന്നാല്‍ രണ്ടുപേരുടേയും നാട് ഒന്നാണ്. ഒരേ മഹല്ല്. രാത്രിയോടെതന്നെ കൂട്ടുകാരും നാട്ടുകാരും എത്തി. പിറ്റേന്ന് പുലരുമ്പോഴേക്ക് ആള്‍ക്കൂട്ടം വലുതായി. അടുത്തറിയുന്നവരും അകലെനിന്ന് ആരാധിച്ചവരുമെല്ലാം വന്നുകൂടി. കുളിപ്പിച്ച് കഫന്‍ ചെയ്ത് വീട്ടിനുമുന്നിലേക്ക് എടുത്തപ്പോള്‍ എല്ലാവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട് മൂന്നു മുസ്ലിയാക്കന്മാര്‍ എത്തിച്ചര്‍ന്നു. എല്ലാ കര്‍മങ്ങള്‍ക്കും നേതൃത്വം കൊടുത്തും തൊട്ടും തടവിയും അവര്‍ അടുത്തുതന്നെ നില്‍ക്കുന്നു. പള്ളയിലേക്ക് എടുക്കുമ്പോള്‍ അവരിലൊരാള്‍ കുനിഞ്ഞ് അവന്റെ നെറ്റിയില്‍ ഒരു ചുംബനം അര്‍പ്പിച്ചു.

 

പള്ളിയില്‍ നിറയെ ആളുകളുണ്ട്. ആ നാട്ടുകാര്‍ മാത്രമല്ല. പലനാട്ടുകാര്‍. പല ചിന്താഗതിക്കാര്‍. നിസ്‌കാരത്തിനായി എല്ലാവരും അണിനിരന്നു. നാടന്‍ യാഥാസ്തിക പൗരോഹിത്യത്തിന്റെ എല്ലാ അടയാളങ്ങളും വഹിക്കുന്ന ഒരു മുസ്ല്യാര്‍ വന്നുനിന്നു. ഉള്ളൊന്നു കാളി. എന്തൊക്കെയായിരിക്കും പറയാന്‍ പോകുന്നത് എന്നോര്‍ത്ത് നെഞ്ചിടിപ്പു കൂടി. അവനാണെങ്കില്‍ ജീവിച്ചത് അവന്റെ ദര്‍ശനം അനുസരിച്ചാണ്. പള്ളിയില്‍ അടുത്തകാലത്തൊന്നും കയറിയിട്ടില്ല. സ്വന്തം നിയമങ്ങള്‍തന്നെ അനുസരിച്ചിട്ടില്ല. സമുദായത്തിന്റെയോ സമൂഹത്തിന്റയോ നിയമങ്ങളെ പരിഗണിച്ചിട്ടേയില്ല. എടുത്തുപറയാനാണങ്കില്‍ ഒരുപാട് ഉണ്ടാകും. വഴിതെറ്റിയവനെന്നോ പിഴച്ചവനൊന്നൊ വിളിക്കുന്നവര്‍ക്ക് വിളിക്കാം. ചില ചര്‍ച്ചുകളില്‍ പുരോഹിതര്‍ അന്ത്യകൂദാശക്കിടയില്‍ അങ്ങനെ പലതും പറഞ്ഞതായി കേട്ടിട്ടുണ്ട്. മുസ്ല്യാര്‍ തൊണ്ട ശരിയാക്കിയപ്പോള്‍ ഞെട്ടിപ്പോയി. ഇവിടെ തൊണ്ട വരളുന്നു. വല്ലതും പറയുമോ എന്നു പേടിച്ച് മൊബൈല്‍ റിക്കാര്‍ഡില്‍ ഇടാന്‍ ശ്രമിച്ചു. പരിഭ്രമത്തിനിടയില്‍ ഓഫായിപ്പോയി. അപ്പോഴേക്ക് മുസ്ല്യാര്‍ സംസാരിച്ചുതുടങ്ങി. ഹാവൂ, ആശ്വാസത്തിന്റെ വാക്കൊഴുക്ക്:  ' ഈ കിടക്കുന്നയാള്‍ എന്നെ സംബന്ധിച്ച് ഇപ്പോഴും ഒരു കുട്ടിയാണ്' - എന്നാണ് അദ്ദേഹം പറഞ്ഞ ആദ്യമായി പറഞ്ഞ വാചകം. കുട്ടികള്‍ തെറ്റുചെയ്താല്‍ ദേഷ്യപ്പെടാറില്ലല്ലോ എന്ന് സമാധനിച്ചപ്പോഴേക്ക് അദ്ദേഹം തുടര്‍ന്നു: ' അവന്‍ ജനിച്ചത് ഇവിടെയാണെങ്കിലും ജീവിച്ചത് ഇവിടെയല്ല. അന്യ ദേശത്താണ്. മാതാപിതാക്കളുടേയും ബന്ധുക്കളുടേയും കൂടേയല്ല. തനിച്ചോ കൂട്ടുകാരോടൊപ്പമോ ആണ്. വീട്ടില്‍ താമസിക്കുമ്പോള്‍ നമുക്ക് എന്തെങ്കിലും അബദ്ധങ്ങള്‍ പറ്റിയാല്‍ ചൂണ്ടിക്കാണിച്ചുതരാന്‍ മാതാപിതാക്കളുണ്ടാവും. സഹോദരങ്ങളുണ്ടാവും. സ്വന്തം നാട്ടിലാണെങ്കില്‍ തെറ്റുപറ്റിയാല്‍ തിരുത്തിക്കാന്‍ കാരണവന്‍മാരോ ഉസ്താദുമാരോ ഉണ്ടാകും. എന്നാല്‍ അന്യസ്ഥലങ്ങളില്‍, എന്തെല്ലാമോ സാഹചര്യങ്ങളില്‍ കഴിയാന്‍ വിധിക്കപ്പെട്ടവര്‍ക്ക് അത്തരം സൗഭാഗ്യങ്ങളൊന്നും ലഭിച്ചിട്ടുണ്ടാവില്ല. അവര്‍ ഏതു സാഹചര്യത്തിലാണ് ജീവിച്ചതെന്നു നമുക്കറിയില്ല. ഏതു സാഹചര്യത്തിലാണെങ്കിലും ഒരാളുടെ ജീവിതം നോക്കി വിധിയെഴുതാന്‍ നമ്മള്‍ ആരുമല്ല. വിധിയെഴുതേണ്ടവന്‍ പരമകാരുണികന്‍ മാത്രമാണ്.' ഒരു നിമിഷം നിര്‍ത്തിയ ശേഷം സംസാരം തുടര്‍ന്നപ്പോള്‍ പ്രാര്‍ത്ഥന നിഷ്‌കളങ്കമാക്കുന്നതിനെപറ്റിയും ദൈവത്തോടുള്ള അഭ്യര്‍ത്ഥനയെ പറ്റിയുമൊക്കെയാണ് സംസാരിച്ചത്. കേള്‍ക്കുന്നവര്‍ക്ക് ആശ്വാസം നല്‍ക്കുന്ന വാക്കുകള്‍ മാത്രമാണ് പറഞ്ഞുകൊണ്ടിരുന്നത്. ഖബറടക്കം കഴിഞ്ഞപ്പോള്‍ മനസ്സില്‍ വലിയ ഭാരമില്ലാതെ മടങ്ങി.

 

പിന്നീടൊരിക്കല്‍ അങ്ങാടിയില്‍ വെച്ച് ആ മുസ്ല്യാരെ കണ്ടു. ഒരു കടയില്‍ ആളുകളോട് സംസാരിച്ചുകൊണ്ടിരിക്കുന്നു. അടുത്തുചെന്ന് സാലംപറഞ്ഞ് കൈകള്‍പിടിച്ച് കൂട്ടിക്കൊണ്ടുവന്ന ശേഷം അന്നത്തെ പ്രസംഗം കേട്ടപ്പോഴുണ്ടായ ആശ്വാസം അറിയിച്ചു. അവന്റെ ജീവിതരീതി സൂചിപ്പിച്ചുകൊണ്ട് മറിച്ചന്തെങ്കിലും പറയുമോയെന്ന് ഭയപ്പെട്ടിരുന്നതായും പറഞ്ഞു. നേരിയൊരു ചിരിയോടെ അദ്ദേഹം പറഞ്ഞു; ' അവന്‍ തെറ്റു ചെയ്യുമ്പോള്‍ അത് ചൂണ്ടിക്കാട്ടി തിരുത്തിക്കുകയും നല്ലരീതിയില്‍ നടത്തിക്കുകയുമാണല്ലോ നമ്മള്‍ ചെയ്യേണ്ടിയിരുന്നത്. നമ്മള്‍ അത് ചെയ്തില്ലല്ലോ. അത് ചെയ്യാതെ അവന്‍ മരിച്ചുകിടക്കുമ്പോള്‍ കുറ്റം പറഞ്ഞിട്ടു കാര്യമില്ലല്ലോ. അങ്ങനെ കുറ്റം പറയാനല്ലല്ലോ നമ്മളെ പഠിപ്പിച്ചിട്ടുള്ളത്. തന്നെയുമല്ല, ഞാന്‍ നോക്കുമ്പോള്‍ പള്ളിനിറയെ ആളുകളുണ്ട്. ഏതൊക്കെയോ നാട്ടില്‍ നിന്ന് വന്നവര്‍. അവനെ സ്‌നേഹിക്കുന്നവര്‍. അതില്‍ ഏതെങ്കിലും പടച്ചവനോട് അടുത്ത ഒരാളെങ്കിലും ഉണ്ടെങ്കില്‍, പ്രാര്‍ത്ഥനക്ക് ഫലം കിട്ടുന്ന ഒരാളെങ്കിലും ഉണ്ടെങ്കില്‍, അവന്റെ സൗഖ്യം ഉറപ്പാക്കാന്‍ അപ്പോഴും സമയം വൈകിയിട്ടില്ല. നിഷ്‌കളങ്കമായി പ്രാര്‍ത്ഥിക്കാനുള്ള അന്തരീക്ഷം ഒരുക്കുക മാത്രമാണ് എനിക്ക് ചെയ്യാനുണ്ടായിരുന്നത.്' - അത്രമാത്രം പറഞ്ഞ് പുഞ്ചിരിച്ചുകൊണ്ട് സലാം പറഞ്ഞ് അദ്ദേഹം പിരിഞ്ഞു. ഒരുമിച്ചൊരു ചായക്ക് ക്ഷണിച്ചപ്പോള്‍, പിന്നീടാകാം എന്നു പറഞ്ഞൊഴിഞ്ഞു. പിന്നീടിപ്പോള്‍ നാട്ടിലെത്തുമ്പോള്‍ പള്ളിയുടെ അടുത്തുവരെയെങ്കിലും പോയിനോക്കും. ഒന്നിനുമല്ല, ഒരു ചായകുടിക്കാന്‍.

 


കാണാപ്പുറം

ഇങ്ങനെ ചില കണക്കുകള്‍ ഓര്‍മിക്കേണ്ടതിനാല്‍....

 

യാഥാസ്ഥിതികതയുടെ ശ്രീകോവിലെന്ന് വിളിക്കാവുന്ന പള്ളി. മുറ്റത്തുതന്നെ അലങ്കരിച്ച കബറുണ്ട്. വ്യാഴാഴ്ച വൈകുന്നേരങ്ങളില്‍ ചിലപ്പോള്‍ അതിന്മേല്‍ മുല്ലപ്പൂ വിതറിയിട്ടിരിക്കുന്നതും കാണാറുണ്ട്. ഭക്തരെ പ്രാര്‍ത്ഥനയില്‍ സഹായിക്കാനും മറ്റുമായി അര്‍ദ്ധപണ്ഡിതരായ കുറേപേര്‍ മുറ്റത്തുണ്ടാവും. വെള്ളിയാഴ്ചകളില്‍ ആ പള്ളിയില്‍ വല്ലാത്ത തിരക്കാണ്. ഖുതുബയുടെ രണ്ടു മണിക്കൂര്‍ മുമ്പുതന്നെ പള്ളിയുടെ അകവും ഒന്നാംനിലയും നിറഞ്ഞിരിക്കും. പിന്നെയെത്തിയാല്‍ പുറത്തെവിടെയെങ്കിലും ഇരിക്കാനേ പറ്റൂ. അതുകൊണ്ടുതന്നെ ആളുകള്‍ നേരത്തെ എത്തി സ്ഥലം പിടിക്കും. ആ നഗരത്തില്‍ നിന്ന് മാത്രമല്ല, സമീപ പ്രദേശങ്ങളില്‍ നിന്നും ജുമുഅക്ക് സ്ഥിരമായി ആ പള്ളിയിലേക്കെത്തുന്ന ആളുകളുണ്ട്. മതം പഠിക്കുന്നവര്‍ കൂട്ടംകൂട്ടമായി ഇരിക്കുന്നതു കാണാം. അല്ലാത്തവരാണ് അതിലേറെ, പ്രൊഫഷണലുകള്‍, ഫാഷന്‍ പ്രേമികള്‍, ഖദര്‍ധാരികള്‍, രാഷ്ട്രീയക്കാര്‍, അങ്ങനെയങ്ങനെ ആളുകളുടെ വേഷപ്പകര്‍ച്ച കാണണമെങ്കില്‍ വെള്ളിയാഴ്ച ഉച്ചക്ക് ആ പള്ളിയിലേക്ക് ചെന്നാല്‍ മതി.  നഗരത്തിലെത്തി ഏറെ കഴിഞ്ഞതിനു ശേഷമാണ് ആ പള്ളിയില്‍ ജുമുഅക്ക് പോയത്. യാദൃശ്ചികമായി എത്തിപ്പെട്ടതാണ്. നേരത്തെ എത്തിയതിനാല്‍ അകത്തുതന്നെ ഇടംപിടിക്കാനായി. പിന്നെയാണ് അതിവേഗം പള്ളി നിറഞ്ഞതും വന്നവരെല്ലാം എന്തോ പ്രതീക്ഷിച്ചിട്ടെന്നവണ്ണം ആകാംക്ഷയോടെ ഇരിക്കുന്നതും ശ്രദ്ധിച്ചത്. അതെന്തായിരിക്കാം എന്നതിലായി അപ്പോള്‍ സ്വന്തം ആകാംക്ഷ.

 

ഒരു വശത്തെ ചെറിയൊരു വാതില്‍ തുറന്ന് ഇമാം പ്രത്യക്ഷപ്പെട്ടതോടെ സ്വകാര്യ ആകാംക്ഷ കൂടുകയാണുണ്ടായത്. യാഥാസ്തിക മുസ്ല്യാക്കന്മാരുടെ ലക്ഷണമൊത്ത വേഷം. തേജസ്സുള്ള മുഖം. പ്രായം ഏറെയുണ്ട്. നടക്കാനും പ്രയാസമുണ്ട്. അദ്ദേഹം വന്ന് സദസ്സിനെ അഭിവാദ്യംചെയ്ത് ഇരുന്നപ്പോഴാണ് ശ്രദ്ധിച്ചത്, മിമ്പറിനു സമീപം അദ്ദേഹത്തിനു ഇരിക്കാനായി പ്രത്യേക ഇരിപ്പിടം സജ്ജീകരിച്ചിട്ടുണ്ടെന്ന്. പുസ്തകം വെക്കാനായി മൈക്കിനോട് ചേര്‍ന്ന് പ്രത്യേകം സ്റ്റാന്റുമുണ്ട്. സലാം പറഞ്ഞ ശേഷം ഗ്രന്ഥം തുറന്ന് വെച്ച് ഒരു നബിവചനം ചൊല്ലി. അറബിയില്‍. അതിന്റെ അര്‍ത്ഥം മലയാളത്തില്‍ വിശദീകരിച്ചു. എന്നിട്ടു പറഞ്ഞു തുടങ്ങി: ''മരണത്തിനു ശേഷം എല്ലാവരേയും ഉയിര്‍ത്തെഴുന്നേല്‍പ്പിക്കുന്ന ദിവസമുണ്ടല്ലോ. ഉണ്ടല്ലോ എന്നല്ല, ഉണ്ട്. തീര്‍ച്ചയായും ഉണ്ട്. അന്ന് ഞാനും നിങ്ങളും നമുക്ക് മുമ്പേ മരിച്ചവരും നമുക്ക് ശേഷം മരിച്ചുവരുന്നവരും എല്ലാം ഉയര്‍ത്തെഴുന്നല്‍പ്പിക്കപ്പെടും. എന്നിട്ട് ഇതേപോലെ ഒരുമിച്ച് കൂട്ടും. എന്നിട്ട് എല്ലാവരേയും അല്ലാഹു അഭിസംബോധന ചെയ്യും. നിങ്ങള്‍ക്ക് ഭൂമിയില്‍ സുഖമായിരുന്നില്ലേ എന്നാണ് അല്ലാഹു ചോദിക്കുക- ഭൂമിയിലെ വാസം സുഖമായിരുന്നില്ലേ? നല്ല ആരോഗ്യത്തോടെ ജീവിക്കാനുള്ളതെല്ലാം അവിടെ ഒരുക്കിയിട്ടുണ്ടായിരുന്നില്ലേ, കുടിക്കാന്‍ നല്ല വെള്ളം ഉണ്ടായിരുന്നില്ലേ- എന്നാണ് പടച്ചതമ്പുരാന്‍ മനുഷ്യരോട് ആദ്യമായി ചോദിക്കുക'

 

ഇത്രയും പറഞ്ഞശേഷം ഒന്നു നിര്‍ത്തി. സദസ്സിനെ ആകെമൊത്തമൊന്നു നോക്കിയ ശേഷം തുടര്‍ന്നു, ''മനുഷ്യരേ, മനസ്സിലായോ, നിങ്ങള്‍ക്ക് സുഖമായി ജീവിക്കാന്‍  ബിരായാണിയുടെ അരി ഞാന്‍ വിളയിച്ചിരുന്നല്ലോ, നല്ല ആടുകളേയും കോഴികളേയും അയച്ചിരുന്നല്ലോ എന്നൊന്നുമല്ല അല്ലാഹു ചോദിക്കുക. കുടിക്കാന്‍, നല്ല ശുദ്ധമായ വെള്ളം കിട്ടയിരുന്നില്ലേ എന്നാണ്. എന്നുവെച്ചാല്‍, സുഖമായ ജീവിതത്തിന്റെ, ആരോഗ്യത്തിന്റെ അടിസ്ഥാനം ശുദ്ധമായ കുടിവെള്ളമാണ്. അത് ഭൂമിയില്‍ ഒരുക്കിയ ശേഷമാണ് പടച്ചതമ്പുരാന്‍ മനുഷ്യരെ ഭൂമിയിലേക്ക് അയച്ചത്. അതാണ് അല്ലാഹു എടുത്തു ചോദിക്കുന്നത്. അങ്ങനെ ചോദിക്കപ്പെടുമ്പോള്‍ നമ്മള്‍ എന്തു പറയും? ശുദ്ധമായ വെള്ളത്തിന്റെ സ്രോതസ്സുകള്‍ നമ്മള്‍ സംരക്ഷിച്ചിട്ടുണ്ടോ. നമ്മുടെ കുട്ടികള്‍ക്ക്, അവരുടെ കുട്ടികള്‍ക്ക്, ശുദ്ധമായ വെള്ളം കുടിക്കാനാകുമെന്നു നമുക്ക് ഉറപ്പുണ്ടോ! ഇപ്പോള്‍ യൂടൂബിലൊക്കെ കേള്‍ക്കുന്ന ഒരു പാട്ടില്ലേ, ഇനിവരുന്ന തലമുറക്ക് ഇവിടെ ജീവിതം സാധ്യമോ എന്ന പാട്ട്, അതങ്ങനെ മൂളിയൊഴിവാക്കാന്‍ പറ്റുന്ന പാട്ടാണോ മനുഷ്യരേ. അതിലെ ചോദ്യങ്ങള്‍ക്ക് മറുപടി കൊടുക്കാന്‍ നമ്മള്‍ ബാധ്യസ്ഥരല്ലേ. ആണ് കെട്ടോ. ബാധ്യസ്ഥരാണ്. ഇവിടെവെച്ച് അതിനു മറുപടി കൊടുത്തില്ലെങ്കില്‍ നാളെ പരലോകത്തുവെച്ചെങ്കിലും അതു കൊടുക്കേണ്ടിവരും. കുടിച്ച വെള്ളത്തിനു കണക്കു പറയാതെ രക്ഷപ്പെടാമെന്ന് ആരും വ്യമോഹിക്കേണ്ട കെട്ടോ''

 

ഒന്നുകൂടി നിര്‍ത്തിയശേഷം തുടങ്ങിയത് കേരളത്തിന്റെ ഭൂമിശാസ്ത്രവും പ്രകൃതിസവിശേഷതകളും വിശദീകരിച്ചുകൊണ്ടാണ്. ''നാല്‍പ്പത്തിനാല് നദികളൊഴുകുന്ന നാടാണ് കേരളം. നാല്‍പ്പത്തിയൊന്നെണ്ണം പടിഞ്ഞാറോട്ടും മൂന്നെണ്ണം കിഴക്കോട്ടും. ഈ നദികളില്‍ ഇപ്പോള്‍ ശുദ്ധജലമുണ്ടോ. എന്തിനു കേരളം മൊത്തം അന്വേഷിക്കണം! നമ്മുടെ ഈ നഗരമില്ലേ, കായലുകളാല്‍ ചുറ്റപ്പെട്ട നഗരം. കായലുകളില്‍ നിന്നുള്ള കനാലുകളല്ലേ ഈ നഗരം മുഴുവന്‍ ചാലിട്ടൊഴുകുന്നത്. ഏതിലെങ്കിലും ഒന്നില്‍ വൃത്തിയുള്ള വെള്ളം ഒഴുകുന്നുണ്ടോ. കറുത്ത കുഴമ്പല്ലാതെ പച്ചയോ നീലയോ നിറത്തില്‍ ഒഴുകുന്ന ഒരു തോട് കണ്ട ഓര്‍മയുണ്ടോ നിങ്ങള്‍ക്ക്. മനുഷ്യരേ, ഈ നഗരത്തിലെ ഏതെങ്കിലുമൊരു പൊതുവഴിയിലൂടെ നടക്കാന്‍ സാധിക്കുമോ. മാലിന്യം ചിതറികിടക്കാത്ത ഏതെങ്കിലും വഴിയുണ്ടോ ഈ നഗരത്തില്‍. കോടിക്കണക്കിനു രൂപമുടക്കി മാലിന്യസംസ്‌കരണ പ്ലാന്റ് സ്ഥാപിച്ചിട്ടുണ്ടല്ലോ നമ്മുടെ നഗരസഭ. അതിന്റെ അവസ്ഥയെന്താണ്. അത് ഉണ്ടായിട്ടും നമ്മുടെ നഗരം ഇങ്ങനെ വൃത്തയില്ലാതെ കിടക്കുന്നതെന്താണ്. അറേബ്യന്‍ നാടുകളിലും ഗള്‍ഫിലുമൊക്കെ ഇതിനേക്കാള്‍ വലിയ നഗരങ്ങളില്ലേ, അവിടെയൊക്കെ പൊതുവഴികളില്ലേ, അത് അങ്ങനെ വൃത്തിയായി കിടക്കുന്നത് എങ്ങനെ എന്ന് അറിയാന്‍ അവിടങ്ങളിലെ മാലിന്യസംസ്‌കരണ ശാലകള്‍ പോയി നോക്കിക്കൂടെ നമ്മുടെ നഗരസഭാ അധികാരികള്‍ക്ക്. നമ്മുടെ രാഷ്ട്രീയപ്രവര്‍ത്തകരില്‍ ചിലരെങ്കിലും ഇവിടെ ഉണ്ടാകുമല്ലോ, ഉണ്ടെങ്കില്‍ അറിഞ്ഞുവെക്കുക, മനുഷ്യരേ, നമ്മള്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന സകല കാര്യങ്ങളെക്കുറിച്ചും നമ്മള്‍ കണക്ക് ബോധിപ്പിക്കേണ്ടിവരും കെട്ടോ. എന്റെ പ്രവര്‍ത്തിയെ കുറിച്ച് ഞാന്‍ കണക്കുപറയേണ്ടിവരും. അതുകൊണ്ടാണ് ഞാനിതു ഓര്‍മിപ്പിക്കുന്നത്. നഗരസഭാ യോഗത്തില്‍ നിങ്ങള്‍ മിടുക്കുകൊണ്ട് രക്ഷപെട്ടേക്കാം. തെരഞ്ഞടുപ്പു കാലത്തും നിങ്ങള്‍ മിടുക്കു കാട്ടിയേക്കാം. പക്ഷേ, നാളെ പരലോകത്ത് പടച്ചതമ്പുരാന്‍ എഴുന്നേല്‍പ്പിച്ചു നിര്‍ത്തി ചോദിക്കുമ്പോള്‍ ഉത്തരം കൊടുക്കേണ്ടിവരും. തൃപ്തികരമായ മറുപടിയില്ലെങ്കില്‍ ശിക്ഷിക്കപ്പെടുകയും ചെയ്യും''.

 

പള്ളിയില്‍ കനത്ത നിശ്ശബ്ദതയാണ്. ഏതോ ആസന്നമായ ദുരന്തത്തെക്കുറിച്ച് മുന്നറിയപ്പ് ലഭിച്ചതുപോലെ എല്ലാവരും താഴോട്ടുമാത്രം നോക്കി ഇരിക്കുകയാണ്. ഒന്ന് ശബ്ദം ശരിപ്പെടുത്തിയശേഷം അദ്ദേഹം തുടര്‍ന്നു. ''ഇതൊക്കെയാണോ പടച്ചതമ്പുരാന്‍ ചോദിക്കുക എന്ന് സംശയിക്കുന്നവര്‍ അറിയുക. ഇതും ചോദിക്കും. അല്ലാഹു മനുഷ്യരെ പടച്ചു. ഭൂമിയിലേക്കയച്ചു. വിശേഷ ബുദ്ധിയും തന്നു. ഇവിടെ ഓരോരുത്തരും ചെയ്യുന്ന പ്രവര്‍ത്തികളെക്കുറിച്ച് ചോദിക്കപ്പെടുമെന്ന മുന്നറിയപ്പും തന്നു. എന്നിട്ട് തിരിച്ചു ചെല്ലുമ്പോള്‍, ഇതെല്ലാം ചോദിക്കുക എന്നത് സാമാന്യയുക്തി മാത്രമല്ലേ മനുഷ്യരേ?''. അത്രയും പറഞ്ഞ് അവസാനിപ്പിച്ച് അദ്ദേഹം ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റു. മുഅദ്ദിന്‍ വന്ന് വാളെടുത്തു. ആചാരങ്ങളോടെ അദ്ദേഹം മിമ്പറിലേക്ക് കയറി. അറബിയില്‍ ഖുതുബ നടക്കുമ്പോള്‍ മനസ്സില്‍ മുഴങ്ങിയത് ബേപ്പൂര്‍ സുല്‍ത്താന്റെ വാക്കുകളായിരുന്നു. ഏറ്റവും കടുത്ത യുക്തിവാദിയായ ആള്‍ക്കു മാത്രമേ മുസ്ലിം ആകാനാകൂ എന്നാണ് ബഷീര്‍ പറഞ്ഞത്. കരണം, ഇസ്ലാം അത്രമേല്‍ യുക്തി ഭദ്രമാണ് എന്നും ബഷീര്‍ വിശദീകരിച്ചു. ഇതെഴുതുന്ന ആള്‍ യുക്തിവാദിയാണോ, ശരിയായ മുസ്ലിമാണോ എന്ന് നല്ല തിട്ടമില്ല. ആണെങ്കില്‍തന്നെ യാഥാസ്ഥികനാണോ നവോന്ഥാനവാദിയാണോ എന്നും അറിഞ്ഞുകൂടാ. എന്തായാലും അതിനുശേഷം വെള്ളിയാഴ്ചകളില്‍ ആ പള്ളിയിലെത്താന്‍ പരമാവധി ശ്രദ്ധിക്കാറുണ്ട്. അതുവേണം. ഇങ്ങനെ ചില കണക്കുകളും കാര്യങ്ങളും ഓര്‍മിക്കേണ്ടതിനാല്‍ അവിടെ എത്തേണ്ടതുണ്ട്.